Tuesday, February 20, 2007

കുസൃതിചോദ്യം - 2

ചോദ്യം 52 : ( എബി )
ചെവിയില്‍ കാലുവച്ച്‌ ഇരിക്കുന്നത്‌ ആരാണ്‌?
ഉത്തരം 52 : ( ബൈജു )
[ കണ്ണട ]



ചോദ്യം 53 : ( ബിന്ധ്യാ )
താറാവുകള്‍ എന്താന്‍ ഒന്നിനുപിറകെ ഒന്നായി നടകുന്നത്?
ഉത്തരം 53 : ( ബിന്ധ്യാ )
[ മുന്‍പില്‍ നടക്കുന്ന താറാവ് Back..back എന്നു പറയുന്നതുകൊണ്ട് ]



ചോദ്യം 54 : ( എബി )
മലപ്പുറം ഹാജി " നീ മധു പകരൂ നീ മലര്‍ ചൊരിയൂ" പാടിയാല്‍ എങ്ങെനെ ഇരിയ്ക്കും ?
ഉത്തരം 54 : ( സിനില് )
[ “ഇജ്ജ് മധു പകരൂ ഇജ്ജ് മലര്‍ ചൊരിയൂ” ]



ചോദ്യം 55 : ( എബി )
കാറ്റും കരിയിലയും കൂട്ടുകൂടി പോയ്‌ കണ്ട സിനിമ ഏത്‌ ?
ഉത്തരം 55 : ( ബൈജു )
[ കരിയിലക്കാറ്റുപോലെ ]



ചോദ്യം 56 : ( ബിന്ധ്യാ )
മീനുകള്‍ ഭയകുന്ന ആഴചയിലെ ഒരു ദിവസം ?
ഉത്തരം 56 : ( എബി )
[ ഫ്രൈ ഡേ' ]



ചോദ്യം 57 : ( ബിന്ധ്യാ )
ബേ ഓഫ് ബംഗാള്‍ ഏത് സ്റ്റേറ്റിലാണ്?
ഉത്തരം 57 : ( ബിന്ധ്യാ )
[ liquid ]



ചോദ്യം 58 : ( അരുണ്‍ ദാസ്‌ )
ഒരു കല്ല് പുഴയിലിട്ടാല്‍ അതു താന്നു പോകുന്നു കാരണം
ഉത്തരം 58 : ( അരുണ്‍ ദാസ്‌ )
[ അതിനു നീന്താന്‍ അറിയാത്തതു കൊണ്ട് ]



ചോദ്യം 59 : ( ബിന്ധ്യാ )
break fast ന്റെ കൂടെ നമ്മള്‍ ഇതു കഴികാറില്ല? എന്ത്?
ഉത്തരം 59 : ( ബിന്ധ്യാ )
[ dinner ]



ചോദ്യം 60 : ( അരുണ്‍ ദാസ്‌ )
തിരക്കുള്ള ഒരു റോഡില്‍ ഡ്രൈവര്‍ തെറ്റായ ദിശയില്‍ പോകുന്നതു കണ്ടിട്ടും പോലീസ് ഒന്നും പറഞ്ഞില്ലാ എന്തുകൊണ്ട് ?
ഉത്തരം 60 : ( അരുണ്‍ ദാസ്‌ )
[ ഡ്രൈവര്‍ നടക്കുകയായിരുന്നു ]



ചോദ്യം 61 : ( എബി )
വെളുക്കുന്തോറും വൃത്തികേടാകുന്നതെന്താണ്‌?
ഉത്തരം 61 : ( എബി )
[ ബ്ലാക്‌ ബോര്‍ഡ്‌ ]



ചോദ്യം 62 : ( എബി )
ശ്രീനിവാസന്‍ ഉരുവിടാറൗള്ള മന്ത്രം ഏത്‌ ?
ഉത്തരം 62 : ( എബി )
[ തലയണമന്ത്രം ]



ചോദ്യം 63 : ( എബി )
ഉറുമ്പിന്റെ വായെക്കളും ചെറിയ സാധനം എന്താണ്‌?
ഉത്തരം 63 : ( എബി )
[ ഉറുമ്പ്‌ കഴിക്കുന്ന ഭക്ഷണം ]



ചോദ്യം 64 : ( സിനില്‍ )
മീശമാധവന്‍ എന്ന സിനിമയിലെ മീശയില്ലാത്ത മാധവന്‍ ആര്?
ഉത്തരം 64 : ( ഹരീ )
[ കാവ്യ മാധവന്‍ ]



ചോദ്യം 65 : ( സിനില്‍ )
പെണ്ണുങ്ങളെക്കാള്‍ കൂടുതല്‍ പൂവ് ചൂടുന്ന ആണ്?
ഉത്തരം 65 : ( ആന്റണി )
[ പൂവന്‍ കോഴി ]



ചോദ്യം 66 : ( സിനില്‍ )
കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഊണ്?
ഉത്തരം 66 : ( ജോര്‍ജ്ജ് )
[ കാര്‍‍ട്ടൂണ്‍ ]



ചോദ്യം 67 : ( അജീഷ് )
തലകുത്തിനിന്നാല് വലുതാകുന്നത് ആര് ?
ഉത്തരം 67 : ( നസ്നീനാസ് )
[ 6 ]



ചോദ്യം 68 : ( ഹരീ )
"ഒരാള്‍, അദ്ദേഹത്തിന്‍ ഒരു ക്ലബ്ബിനുള്ളിലേക്ക് കടക്കണം. അവിടേക്ക് ആ ക്ലബ്ബ് അംഗങ്ങളേ മാത്രമേ കയറ്റുകയുള്ളൂ. സെക്യൂരിറ്റി ചോദ്യം ചോദിക്കും, ഉത്തരം ശരിയായി പറയുന്നവര്‍ക്ക് അകത്തു കടക്കാം. നമ്മുടെയാള്‍, ഈ ചോദ്യവും ഉത്തരവും എങ്ങിനെയാണെന്നൊന്നു മനസിലാക്കിയിട്ടു ശ്രമിക്കാം എന്നും കരുതി പതുങ്ങി നിൽപ്പാണ്. ഒരു അംഗം വാതിലിലെത്തി.
സെക്യൂരിറ്റി: 6
അംഗം: 3
കുറച്ചു സമയത്തിനു ശേഷം മറ്റൊരു അംഗം വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 12
അംഗം: 6
--
ആഹാ, നമ്മുടെയാള്‍ക്ക് സന്തോഷമായി. ഇത്രയെളുപ്പമായിരുന്നോ ഈ ചോദ്യങ്ങളും ഉത്തരവും, അദ്ദേഹവും നേരേ വാതില്‍ക്കലെത്തി.
സെക്യൂരിറ്റി: 10
നമ്മുടെയാള്‍: 5
പക്ഷേ സെക്യൂരിറ്റിക്കു മനസിലായി ഇദ്ദേഹം അംഗമല്ലെന്ന്, അതെങ്ങിനെ"

ഉത്തരം 68 : ( ഡാന്റിസ് )
[ ഓരോ അക്കത്തിലേയും അക്ഷരങ്ങളുടെ എണ്ണമാണ്‌ മറുപടി. twelve ല്‍ 6 അക്ഷരങ്ങള്‍, six ല്‍ 3 അക്ഷരങ്ങള്‍. അപ്പോള്‍ ten ല്‍ 3 അക്ഷരങ്ങള്‍. 3 ആയിരുന്നു നമ്മുടെയാള്‍ ഉത്തരം പറയേണ്ടിയിരുന്നത്‌ ]



ചോദ്യം 69 : ( അജീഷ് )
ജനിക്കുമ്പോള് ജനിക്കാത്തതും ജനിച്ചശേഷം ജനിക്കുന്നതുമായ ഒരു വസ്തു?
ഉത്തരം 69 : ( ബൈജു )
[ പല്ല് ]



ചോദ്യം 70 : ( അജീഷ് )
നാലു മൂലകളുള്ള ഒരു കടലാസിന്റെ ഒരു മൂല മുറിച്ചുകളഞ്ഞാല് എത്ര മൂല ഉണ്ടാകും?
ഉത്തരം 70 : ( ബൈജു )
[ അഞ്ചുമൂല ]



ചോദ്യം 71 : ( ബൈജു )
"ഒരിക്കൽ ഒരു കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്ന് ഒരു രാജകുമാരി കാഴ്‌ചകൾ കാണുകയായിരുന്നു.. (ഈ രാജകുമാരിയാണെങ്കിൽ ഒന്നും നേരേചോവ്വേ പറയില്ല, അൽപ്പം വളച്ചുകെട്ടിയൊക്കെയേ പറയൂ..) അപ്പോൾ താഴേ വഴിയിലൂടെ ഒരു കച്ചവടക്കാരൻ പോകുന്നതുകണ്ടു..(എന്താണ് വിൽക്കുന്നതെന്നുള്ളത് ഒരു ചോദ്യം..!) രാജകുമാരി ചോദിച്ചു :

“ഏയ്.. അറുകാലി വസിക്കുന്നിടത്ത് അഴകായ് ചൂടാനൊന്നുതരുമോ..?”

ഈ കച്ചവടക്കാരനും ഒട്ടും മോശമായിരുന്നില്ല.. മൂപ്പരുടെ മറുപടി ഇപ്രകാരമായിരുന്നു..

“അതിനെന്താ‍..? ജനിക്കുമ്പോൾ ജനിക്കാത്തതിനെ മറയ്‌ക്കുന്നതുകൊണ്ട് ഒന്നുതന്നാൽ തരാം..!”

രാജകുമാരി അൽപ്പസമയം ആലോചിച്ചു, എന്നിട്ടുപറഞ്ഞു..

“സമ്മതം, വലിയ തമ്പുരാൻ നാടുനീങ്ങുമ്പോൾ, ചെറിയ തമ്പുരാൻ സ്ഥാനമേൽക്കുമ്പോൾ, ഉണക്കമരം ഉണക്കമരത്തോട് ചേരുമ്പോൾ, വരും.. വരാതിരിക്കില്ല..! വന്നില്ലെങ്കിൽ തരാം..!’

കച്ചവടക്കാരനും സമ്മതം..

ഈ പറഞ്ഞതിനെയൊക്കെ മനുഷ്യർക്ക് മനസിലാകുന്ന ഭാഷയിൽ ഒന്ന് പറയാമോ..?
"

ഉത്തരം 71 : ( ബൈജു )
[ " രാജകുമാരി ചോദിച്ചത് പേനുള്ള തലയിൽ (അറുകാലി വസിക്കുന്നിടം) ചൂടാൻ ഒരു പൂ തരുമോ എന്നാണ്.. അതുകൊണ്ട് കച്ചവടക്കാരൻ ഒരു പൂക്കാരൻ ആണെന്ന് വ്യക്തം..
- കച്ചവടക്കാരന്റെ ഉത്തരം, ഒരു മുത്തം തന്നാൽ തരാമെന്നും..! (ജനിക്കുമ്പോൾ ജനിക്കാത്തത് - പല്ല്, പല്ലിനെ മറക്കുന്നത് - ചുണ്ട്, ചുണ്ടുകൊണ്ട് തരുന്നത് - മുത്തം )
- സൂര്യനസ്‌തമിച്ച് ചന്ദ്രനുദിക്കുമ്പോൾ, (വലിയ തമ്പുരാൻ - സൂര്യൻ, ചെറിയ തമ്പുരാൻ - ചന്ദ്രന്) അന്തപ്പുരവാതിലടയ്‌ക്കുമ്പോൾ ( ഉണക്കമരം ഉണക്കമരത്തോട് ചേരുക - വാതിലിന്റെ കട്ടളയും കതകും തമ്മിൽ ചേരുക, അതായത് വാതിലടയ്‌ക്കുക)‍, അവളുടെ ഭർത്താവ് വരും, വരാതിരിക്കില്ല, വന്നില്ലെങ്കിൽ തരാമെന്നും...!!
"
]



ചോദ്യം 72 : ( ബൈജു )
"ഒരിക്കൽ ഒരു നമ്പൂതിരി വൈകുന്നേരമായപ്പോൾ ഒറ്റയ്‌ക്ക് വീടിനുവെളിയിൽ ഒരു മരത്തണലിൽ ഇരിക്കുന്നതുകണ്ട് കൂട്ടുകാരൻ ചോദിച്ചു..

“എന്തുപറ്റി തിരുമേനി..? എന്താ ഇവിടെ ഇരിക്കുന്നത്..?”

ഈ നമ്പൂതിരിയും നമ്മൾ നേരത്തെ പറഞ്ഞ രാജകുമാരിയുടെ ടൈപ്പാണേ.. ഒന്നും നേരെ ചൊവ്വേ പറയില്ല.. മൂപ്പരുടെ മറുപടി ഇങ്ങിനെ ആയിരുന്നു..

“പത്തുതേരുള്ള രാജന്റെ പുത്രന്റെ ശത്രുവിന്റെ ഇല്ലം ചുട്ടുകരിച്ചവന്റെ അച്ഛന്റെ വരവും കാത്തിരിക്കുകയാ..!!”

പാവം കൂട്ടുകാരന് ഒന്നും മനസിലായില്ല..! നിങ്ങൾക്ക് വല്ലതും മനസിലായോ?"

ഉത്തരം 72 : ( സിനില്‍ )
[ ദശരഥന്റെ പുത്രന്റെ (രാമന്‍) ശത്രു (രാവണന്‍) വിന്റെ ഇല്ലം (ലങ്ക) ചുട്ടെരിച്ച ഹനുമാന്റെ അച്ഛന്‍ മാരുതന്റെ (വായു) വരവും കാത്തിരിക്കുന്നു എന്നു!! നമ്മുടെ നമ്പൂതിരി ചുമ്മാ ഒരു കാറ്റുകൊള്ളാനിരുന്നതാണ്.. ]



ചോദ്യം 73 : ( അജീഷ് )
നമ്മുടെ നമ്പൂതിരി ചുമ്മാ ഒരു കാറ്റുകൊള്ളാനിരുന്നതാണ്..
ഉത്തരം 73 : ( അജീഷ് )
[ സ്‌പൂൺ കൊണ്ട് ]



ചോദ്യം 74 : ( അജീഷ് )
പരീക്ഷയുടെ അവസാനമെന്താണ്?
ഉത്തരം 74 : ( അജീഷ് )
[ ക്ഷ ]



ചോദ്യം 75 : ( എബി )
"ഒരിക്കല്‍ ആനയും ഉറുമ്പും കൂടി നടക്കാന്‍ പോയി... വഴിയില്‍ ഉറുമ്പ്‌ കാലുതെറ്റി വെള്ളത്തില്‍ വീണു... ഉറുമ്പ്‌ ഒരു കൈ ഉയര്‍ത്തിപ്പിടിച്ച്‌ ""രക്ഷിക്കണേ....രക്ഷിക്കണേ..."" എന്ന് ഉറക്കെ വിളിച്ച്‌ കരയുന്നു...

ചോദ്യം: എന്തിനാണ്‌ ഉറുമ്പ്‌ ഒരു കൈ ഉയര്‍ത്തിപ്പിടിച്ച്‌ കരഞ്ഞത്‌?"

ഉത്തരം 75 : ( ബൈജു )
[ ഉറുമ്പ് ആ കയ്യിൽ കെട്ടിയ വാച്ച് നനയാതിരിക്കാന്‍ ]



ചോദ്യം 76 : ( ബൈജു )
ഒരു മുറിക്കകത്ത് മൂന്ന് ബൾബുണ്ട്.. അവയുടെ സ്വിച്ചുകൾ മൂന്നും മുറിയുടെ പുറത്തും..! മുറിയുടെ പുറത്ത് നിന്നും നോക്കിയാൽ അകത്തെ ബൾബുകൾ കാണാൻ സാധിക്കില്ല, എന്തിന് ? അകത്ത് ബൾബ് കത്തിയോ എന്നുപോലും അറിയാനൊക്കില്ല.. ഒരു തവണ മാത്രമേ മുറിയിൽ കേറാൻ അനുവാദമുള്ളൂ.. വാതിലിൽ നിന്നും വളരെ അകലെയാണ് സ്വിച്ചുകളുടെ സ്ഥാനം.. ഞാൻ നേരത്തെ പറഞ്ഞതുപോലെ മുറിക്കകത്ത് കയറിയാൽ മാത്രമേ ഏത് ബൾബാണ് കത്തിയിരിക്കുന്നതെന്ന് മനസിലാകൂ.. എന്നാൽ എനിക്ക് ഏതൊക്കെ സ്വിച്ച് ഏതൊക്കെ ബൾബിന്റെ ആണെന്ന് അറിയുകയും വേണം... എന്തുചെയ്യും..?
ഉത്തരം 76 : ( ഡാന്റിസ് )
[ ആദ്യത്തെ സ്വിച്ച്‌ കുറച്ച്‌ നേരം ഓണാക്കി വയ്ക്കുക. എന്നിട്ട്‌ ഒാഫ്‌ ചെയ്യുക. പിന്നെ രണ്ടാമത്തെ സ്വിച്ച്‌ ഓണാക്കുക. എന്നിട്ട്‌ മുറിയില്‍ പ്രവേശിക്കുക. കത്തി നില്‍ക്കുന്ന ബള്‍ബിന്റെ സ്വിച്ചായിരിക്കും രണ്ടാമത്തെ സ്വിച്ച്‌. ഓഫായി കിടക്കുന്ന മറ്റുരണ്ട്‌ ബള്‍ബും തൊട്ടു നോക്കുക. ചൂടുള്ള ബള്‍ബിന്റെ സ്വിച്ചാണ്‌ ആദ്യത്തെ സ്വിച്ച്‌. ചൂടില്ലാത്ത ബള്‍ബിന്റെ സ്വിച്ച്‌ മൂന്നാമത്തെതും... ]



ചോദ്യം 77 : ( അജീഷ് )
ധാരാളം പല്ലുണ്ടായിട്ടും ഒരിക്കലും ഭക്ഷണം കഴിക്കുകയോ കടിക്കുകയോ ചെയ്തിട്ടില്ലാത്തത് എന്താ?
ഉത്തരം 77 : ( സ്മിത )
[ ചീപ്പ് ]



ചോദ്യം 78 : ( അജീഷ് )
മനുഷ്യനും കഴുതയും തമ്മിലുള്ള വ്യത്യാസം?
ഉത്തരം 78 : ( അജീഷ് )
[ മനുഷ്യൻ പലപ്പോഴും കഴുതയാകാറുണ്ട് കഴുത ഒരിക്കലും മനുഷ്യനാകാറില്ല ]



ചോദ്യം 79 : ( അജീഷ് )
മിന്നലും വൈദ്യുതിയും തമ്മിലുള്ള വ്യത്യാസം എന്താ?
ഉത്തരം 79 : ( രതീഷ് )
[ മിന്നലിനു ബില്ലടക്കണ്ടാ ഫ്രീയാണ്, വൈദ്യുതിക്ക് ബില്ലടച്ചേ മതിയാവൂ... ]



ചോദ്യം 80 : ( അജീഷ് )
വായ് നോക്കാന് ബിരുദമെടുത്തവര്‍ക്ക് പറയുന്ന പേരെന്ത് ?
ഉത്തരം 80 : ( ബൈജു )
[ ദന്തഡോക്ടർ ]



ചോദ്യം 81 : ( ബൈജു )
ഒരു കുളത്തിൽ കുറെ താമരയുണ്ട്.. എല്ലാ ദിവസവും അത് ഇരട്ടിക്കും.. പത്തുദിവസം കൊണ്ട് കുളം നിറയെ താമരയാകും.. അങ്ങനെയെങ്കിൽ കുളത്തിന്റെ പകുതി നിറയാൻ എത്ര ദിവസമെടുക്കും..?
ഉത്തരം 81 : ( ഡാന്റിസ് )
[ താമരക്കുളം പകുതി നിറയാന്‍ 9 ദിവസം എടുക്കും ]



ചോദ്യം 82 : ( ഡാന്റിസ് )
"അടുത്ത സംഖ്യ കണ്ടുപിടിക്കുക. അധികം കണക്കുകൂട്ടി വിഷമിക്കല്ലേ.

1
11
21
1211
111221
312211
13112221 "

ഉത്തരം 82 : ( ബൈജു )
[ "1113213211" ]



ചോദ്യം 83 : ( ബൈജു )
"ഒരു ഒച്ച് (snail) പത്തുമീറ്റർ നീളമുള്ള ഒരു കമ്പിന്റെ ചുവട്ടിലാണുള്ളത്.. അത് എന്നും കമ്പിലേക്ക് കയറാൻ നോക്കും.. എന്നും അഞ്ചുമീറ്റർ ദൂരം ഒരുവിധത്തിലൊക്കെ കയറുമെങ്കിലും രാതി ഉറക്കത്തിൽ നാലുമീറ്റർ താഴേക്ക് ഊർന്നുപോരും..! അങ്ങിനെയെങ്കിൽ എത്ര ദിവസം കൊണ്ട് അത് ആ കമ്പിന്റെ മുകളിലെത്തും..?
"

ഉത്തരം 83 : ( ഡാന്റിസ് )
[ ഒച്ച്‌ 6 ദിവസം എടുക്കും. 5 ദിവസം കഴിയുമ്പോള്‍ 5 മീറ്റര്‍ എത്തും. ആറാം ദിവസം 5 മീറ്റര്‍ കയറുമ്പോള്‍ 10 മീറ്റര്‍ എത്തും ]



ചോദ്യം 84 : ( ഡാന്റിസ് )
"സംസാരിക്കാന്‍ കഴിവില്ലാത്ത ഒരാള്‍ക്ക്‌ ഒരു കടയില്‍ നിന്നും കണ്ണട വാങ്ങണം. അയാള്‍ കടക്കാരന്റെ മുന്‍പില്‍ ചെന്നിട്ട്‌ കണ്ണടയുടെ ആംഗ്യം കാണിക്കുന്നു. അതു കാണുമ്പോള്‍ കടക്കാരന്‌ മനസിലാകുന്നു അയാള്‍ക്ക്‌ കണ്ണടയാണ്‌ വേണ്ടതെന്ന്. അങ്ങിനെ അയാള്‍ കണ്ണട വാങ്ങുന്നു.

ഇനി ഒരു അന്ധന്‌ ഒരു കണ്ണട വാങ്ങണം. അപ്പോള്‍ അയാള്‍ എന്തു ചെയ്യണം?"

ഉത്തരം 84 : ( ബൈജു )
[ അന്ധന് വാ തുറന്ന് ചോദിച്ചാല്‍ പോരേ ]



ചോദ്യം 85 : ( ബൈജു )
കൃഷ്‌ണൻ‌മാഷിന് കുറെ ആൺമക്കളുണ്ട്... ഒന്നാമന്റെ പേര് ഒന്നാം ഉണ്ണിക്കൃഷ്‌ണൻ..! രണ്ടാമന്റെ പേര് രണ്ടാം ഉണ്ണിക്കൃഷ്‌ണൻ.‍..!! മൂന്നാമന്റെ പേര് മൂന്നാം ഉണ്ണിക്കൃഷ്‌ണൻ...!! അങ്ങിനെ പോകുന്നു.. എങ്കിൽ അവസാനത്തെ മകന്റെ പേരെന്ത്..?
ഉത്തരം 85 : ( അന്‍‌വര്‍ )
[ ഒടുവിൽ ഉണ്ണിക്കൃഷ്‌ണൻ ]



ചോദ്യം 86 : ( അജീഷ് )
ഒരു ബക്കറ്റില്‍ നിറയേ വെള്ളമുണ്ട്. ബക്കറ്റിനു നിറയേ തുള ഉണ്ടെങ്കിലും ഒരു തുള്ളി വെള്ളം പുറത്തേക്ക് ഒഴുകുന്നില്ല കാരണമെന്താണ്?
ഉത്തരം 86 : ( അജീഷ് )
[ ബക്കറ്റിൽ നിറയെ വെള്ളമാണെന്നല്ലല്ലോ പറഞ്ഞത്..? വെള്ള നിറത്തിലുള്ള മുണ്ടാണെന്നല്ലേ..? (വെള്ളമുണ്ട് ) പുറത്തേക്കൊഴുകാൻ ബക്കറ്റിൽ ഒരു തുള്ളി വെള്ളം പോലുമില്ല.. പിന്നെങ്ങനെ ? ]



ചോദ്യം 87 : ( ബിന്ധ്യാ )
ആനയും ഉറുമ്പും കൂട്ടുകാര്‍ ആയിരുനു, ഒരു ദിവസം 2പേരും കൂടി ഐസ്ക്റീം കഴികാന്‍ പൊയി, കുറച്ചു കഴിഞ്ഞപ്പോള്‍ ആന ഉറുമ്പിനെ ഐസ്ക്റീമില്‍ മുക്കിക്കൊന്നു, എന്തിനായിരികും ?
ഉത്തരം 87 : ( ബിന്ധ്യാ )
[ ആനയുടെ അനുജത്തിയും ആ ഉറുമ്പും തമ്മില്‍ പ്രണയം ആയിരുന്നു ]



ചോദ്യം 88 : ( അജീഷ് )
ഒരു സാധനം മാത്രം നാം വേഗത്തില് പൊട്ടുന്നതേ വാങ്ങൂ എന്താണത്?
ഉത്തരം 88 : ( ബൈജു )
[ പടക്കം ]



ചോദ്യം 89 : ( അജീഷ് )
ഞെട്ടിക്കുന്ന സിറ്റിയേത് ?
ഉത്തരം 89 : ( അന്‍‌വര്‍ )
[ ഇലക്ട്രിസിറ്റി. ബില്ലു വരുമ്പോള്‍ ഞെട്ടിക്കോളും. ]



ചോദ്യം 90 : ( അജീഷ് )
നിറയെ ദ്വാരമുണ്ടെങ്കിലും വെള്ളമെടുക്കാന് പറ്റുന്നത് എന്തുകൊണ്ട് ?
ഉത്തരം 90 : ( ബൈജു )
[ സ്‌പോഞ്ച് ]



ചോദ്യം 91 : ( അജീഷ് )
തേനീച്ച മൂളുന്നത് എന്തുകൊണ്ടാണ്?
ഉത്തരം 91 : ( അജീഷ് )
[ അതിന്‍ സംസാരിക്കാന്‍ അറിയില്ലല്ലോ. അതുകൊണ്ടാ മൂളുന്നത്. ]



ചോദ്യം 92 : ( അജീഷ് )
കണ്ണുള്ളവര്‍ക്കും കണ്ണില്ലാത്തവര്‍ക്കും ഒരുപോലെ കാണാന് പറ്റുന്നത് എന്താ?
ഉത്തരം 92 : ( സിനില്‍ )
[ സ്വപ്നം ]



ചോദ്യം 93 : ( അജീഷ് )
തലതിരിഞ്ഞവള് ആര്?
ഉത്തരം 93 : ( ബൈജു )
[ ലത ]



ചോദ്യം 94 : ( അജീഷ് )
നിമിഷനേരം കൊണ്ട് പണിയാന് പറ്റുന്ന കോട്ട?
ഉത്തരം 94 : ( ബിന്ധ്യാ )
[ മനക്കോട്ട ]



ചോദ്യം 95 : ( അജീഷ് )
രാത്രിയില്‍ വാതിലും ജനലും അടച്ച് ഉറങ്ങുന്ന നിങ്ങള്‍ വാതിലില്‍ ഒരു മുട്ട് കേട്ട് ഉണരുന്നു. നിങ്ങള്‍ ആദ്യം തുറക്കുക വാതിലാണോ ജനലാണോ?
ഉത്തരം 95 : ( അശ്വതി )
[ കണ്ണ് ]



ചോദ്യം 96 : ( അജീഷ് )
ആധുനിക മലയാളി ഇഷ്‌ടപ്പെടുന്ന ഗിഫ്‌റ്റ്?
ഉത്തരം 96 : ( ഹരീ )
[ ജാസി ഗിഫ്റ്റ് ]



ചോദ്യം 97 : ( അജീഷ് )
ക്ഷേത്രങ്ങളില്ലാത്തതും ലോകപ്രശസ്തയുമായ ഒരു ദേവി?
ഉത്തരം 97 : ( സ്മിത )
[ ഫൂലന്‍ ദേവി ]



ചോദ്യം 98 : ( അജീഷ് )
കുവൈത്തിലെ ഏറ്റവും പ്രശസ്തമായ ആറ്?
ഉത്തരം 98 : ( അന്‍‌വര്‍ )
[ ദിനാര്‍ ]



ചോദ്യം 99 : ( അജീഷ് )
0.3 ഉം 0.3 ഉം കൂട്ടിയാല്‍ ഒന്നാകുന്ന സ്ഥലം?
ഉത്തരം 99 : ( അജീഷ് )
[ ക്രിക്കറ്റ് സ്‌കോര്‍ ബോറ്ഡിലാണ് 0.3 + 0.3 = 1 ആകുന്നത്. ]



ചോദ്യം 100 : ( അജീഷ് )
സര്‍ക്കാരാഫീസില്‍ ‘നിശബ്‌ദത പാലിക്കുക‘ എന്നെഴുതിവച്ചിരിക്കുന്നതെന്തിനാ?
ഉത്തരം 100 : ( അന്‍‌വര്‍ )
[ ജോലിക്കാരുടെ ഉറക്കം നഷ്ടപ്പെടാതിരിക്കാന്‍ ]


Friday, February 9, 2007

മലയാളം - തനിമലയാളക്കൂട്ടം

ഓര്‍‍ക്കുട്ട് - മലയാളം
ഓര്‍‍ക്കുട്ടെന്ന ചങ്ങാതിവലയത്തെക്കുറിച്ച് ഇന്നേവര്‍‍ക്കുമറിയാമായിരിക്കും. അതില്‍ അംഗമായ ആര്‍ക്കും കമ്മ്യൂണിറ്റികള്‍ തുടങ്ങാം, ഇപ്പോഴുള്ളവയില്‍ അംഗമാകാം. അങ്ങിനെ മലയാളികളുടേതായി നിരവധി കമ്മ്യൂണിറ്റികള്‍ ഇന്നുണ്ട്. അതിലൊന്നാണ് 'മലയാളം' എന്ന കമ്മ്യൂണിറ്റിയും. എന്നാല്‍, മലയാളം മറ്റ് കമ്മ്യൂണിറ്റികളില്‍ നിന്നും വ്യത്യസ്തമാണ്. 'തനിമലയാളക്കൂട്ട'മെന്ന് വിളിക്കുന്ന ഈ സൌഹൃദവലയം മലയാളത്തില്‍ മാത്രം സംവേദിക്കുന്ന ഒരു കമ്മ്യൂണിറ്റിയാണ്. മലയാളഭാഷയ്ക്ക് യൂണിക്കോഡ് ഫോണ്ട് വന്നതിനാലാണ് ഇത് സാധ്യമാവുന്നത്. സന്ദര്‍ശകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുവാനുള്ള ടോപ്പിക്കിലൊഴികെ മറ്റെല്ലായിടവും മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യണമെന്നത് നിര്‍ബന്ധമാണ്. ഇതുതന്നെയാണ് ഓര്‍ക്കുട്ട്-മലയാളത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. മലയാളഭാഷയോട് മമതയുള്ളവരും, മലയാളത്തില്‍ ടൈപ്പ് ചെയ്യുവാനാഗ്രഹമുള്ളവരും മാത്രമേ ഈ കമ്മ്യൂണിറ്റിയില്‍ സജീവമാവുകയുള്ളൂ. ഈ ഒരു കാരണം കൊണ്ടുതന്നെ ഒരു കുടുംബത്തിലെന്നപോലെയുള്ള വ്യക്തിബന്ധങ്ങളാണ് മലയാളത്തിലെ സുഹൃത്തുക്കള്‍ക്കിടയിലുള്ളത്. മറ്റൊരു പ്രധാനകാര്യം, മലയാളം വളരെ നന്നായി മോഡറേറ്റ് ചെയ്യപ്പെടുന്ന കമ്മ്യൂണിറ്റിയുമാണെന്നതാണ്. മലയാളത്തില്‍ ടൈപ്പ് ചെയ്യുക എന്നതു മാത്രമല്ല മലയാളം ലക്ഷ്യമിടുന്നത്, കഴിവതും തെറ്റില്ലാതെ, അക്ഷരപ്പിശകുകളില്ലാതെ മലയാളം ടൈപ്പ് ചെയ്യുവാന്‍ പ്രചോദനം നല്‍കുക എന്നതും കൂടിയാണ്. ഈയൊരു ഉദ്ദേശ്യം മലയാളം ഭംഗിയായി നിറവേറ്റുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം.

ബ്ലോഗ് - മലയാളം
ഓര്‍ക്കുട്ടിലെ മലയാളം കമ്മ്യൂണിറ്റിക്ക് എന്തിനാണ് ഒരു ബ്ലോഗ്? മലയാളം കമ്മ്യൂണിറ്റിയുടെ ഒരു ബ്ലോഗ് വേര്‍ഷന്‍് സ്ഥാപിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഓര്‍ക്കുട്ട്-മലയാളത്തില്‍ ഇതിനോടകം വന്നിട്ടുള്ള പോസ്റ്റുകളുടെ ഒരു ബാക്ക്-അപ്പാണ് മുഖ്യമായും ഈ ബ്ലോഗുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ടോപ്പിക്കുകളും അതേപടി ബ്ലോഗിലാക്കുകയല്ല ഇതുകൊണ്ട് ചെയ്യുവാനുദ്ദേശിക്കുന്നത്. പോസ്റ്റുകള്‍ തരം തിരിച്ച്, ആവശ്യമായ എഡിറ്റിംഗുകള്‍ നടത്തി, എളുപ്പത്തില്‍ സേര്‍ച്ച് ചെയ്യുവാനും, തേടിയെടുത്ത് വായിക്കുവാനും കഴിയുന്ന ക്രമത്തില്‍ അടുക്കുക എന്നതാണ് ഈ ബ്ലോഗുവഴി ഞങ്ങളുടെ ലക്ഷ്യം. ഭാവിയില്‍ മലയാളത്തിലുള്ള കഥകളുടെ, കവിതകളുടെ, ലേഖനങ്ങളുടെ, നര്‍മ്മബിന്ദുക്കളുടെ, കുസൃതിച്ചോദ്യങ്ങളുടെ, അങ്ങിനെ പലതിന്റേയും ഒരു വലിയ ശേഖരമായി ഈ ബ്ലോഗ് മാറും എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഓര്‍ക്കുക, അപ്പോഴും ഓര്‍ക്കുട്ട് - മലയാളമായിരിക്കും സംവേദിക്കുവാനുള്ള, കൊച്ചുവര്‍ത്തമാനം നടത്തുവാനുള്ള, കളികളില്‍ പങ്കെടുക്കുവാനുള്ള മുഖ്യവേദി.

മലയാളം ബ്ലോഗിന്റെ നടത്തിപ്പ് പൂര്‍ണ്ണമായും മോഡറേറ്റേഴ്സിലും, തിരഞ്ഞെടുക്കുന്ന അംഗങ്ങളിലും (ബ്ലോഗ് പാനല്‍) നിക്ഷിപ്തമായിരിക്കും. ഓര്‍ക്കുട്ട് - മലയാളത്തിലെ ഏതൊരു പോസ്റ്റും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കുവാന്‍ ബ്ലോഗ് പാനലിലെ അംഗങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും.

ഡിസ്ക്ലൈമര്‍
ഓര്‍ക്കുട്ട് - മലയാളത്തില്‍ ചേരുന്ന ഓരോ വ്യക്തിയും താഴെപ്പറയുന്ന കാര്യങ്ങള്‍ വായിച്ച്, ബോധ്യപ്പെട്ട്, അവയോടെല്ലാം പൂര്‍ണ്ണമനസോടെ യോജിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നു.

• ഓര്‍ക്കുട്ട് - മലയാളത്തിലെ ഏതൊരു പോസ്റ്റും ബ്ലോഗ് - മലയാളത്തില്‍ ചേര്‍ക്കുവാനോ, ചേര്‍ക്കാതിരിക്കുവാനോ, ആവശ്യമുള്ള എഡിറ്റിംഗ് വരുത്തുവാനോ, ചേര്‍ത്ത ശേഷം മാറ്റുവാനോ ഉള്ള പൂര്‍ണ്ണ അധികാരം ബ്ലോഗ് പാനലിലെ അംഗങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.

• ഓര്‍ക്കുട്ട് - മലയാളത്തില്‍ അല്ലെങ്കില്‍ ബ്ലോഗ് - മലയാളത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കണ്ടന്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അത് പോസ്റ്റ് ചെയ്ത മലയാളം അംഗത്തിനുമേല്‍ നിക്ഷിപ്തമായിരിക്കും. കമ്മ്യൂണിറ്റിയില്‍ നിന്നോ ബ്ലോഗില്‍ നിന്നോ ഈ കണ്ടന്റ് ആരെങ്കിലും അനുവാദമില്ലാതെ എടുത്തുപയോഗിച്ചാല്‍, അതില്‍ മലയാളത്തിന് യാതോരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. അതുപോലെ മറ്റാരുടേയും കണ്ടന്റാണ് മലയാളത്തിലെ അംഗം ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും മലയാളത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ല. പൈറേറ്റഡ് കണ്ടന്റാണ് മലയാളത്തില്‍ ചേര്‍ത്തിരിക്കുന്നതെന്ന് തെളിഞ്ഞാല്‍ ആ അംഗത്തോടും, ആ അംഗം പോസ്റ്റ് ചെയ്തിരിക്കുന്നവയോടും അനുയോജ്യമായ രീതിയില്‍ നടപടിയെടുക്കുവാന് ബ്ലോഗ് പാനലിന് അധികാരമുണ്ടായിരിക്കും.

• ഏതെങ്കിലുമൊരു പോസ്റ്റ് ബ്ലോഗിലിടരുത് എന്ന് ഏതെങ്കിലുമൊരു അംഗത്തിന് നിര്‍ബന്ധമുണ്ടെങ്കില്‍, ഓര്‍ക്കുട്ട് - മലയാളത്തില്‍ പോസ്റ്റിടുമ്പോള്‍ അതിനോടൊപ്പം തന്നെ, ആ കാര്യവും പോസ്റ്റ് ചെയ്യേണ്ടതാണ്. പോസ്റ്റ് ചെയ്തതിനുശേഷമാണ് അങ്ങിനെയൊരു ഉദ്ദേശം വരുന്നതെങ്കില്‍, അപ്പോള്‍ ആ കാര്യം ബ്ലോഗ് പാനലിലെ ഏതെങ്കിലുമൊരു അംഗത്തെ, മെയിലിലൂടെ അറിയിക്കാവുന്നതാണ്.

• ഓര്‍ക്കുട്ട് - മലയാളത്തിലെ പോസ്റ്റുകള്‍ ബ്ലോഗ് - മലയാളത്തില്‍ ചേര്‍ക്കുമ്പോള്‍, അത് പോസ്റ്റ് ചെയ്തയാളുടെ പേരും, ഓര്‍ക്കുട്ട് പ്രൊഫൈല്‍ ലിങ്കും നല്‍കുന്നതാണ്. ഈ വിവരങ്ങള്‍ നല്‍കരുതെങ്കിലും ബ്ലോഗേഴ്സ് പാനലിനെ സമീപിക്കാവുന്നതാണ്.

• ഏതെങ്കിലുമൊരു പോസ്റ്റില്‍ അതിന്റെ സൃഷ്ടാവായി നല്‍കിയിരിക്കുന്ന പേരിലോ, അല്ലെങ്കില്‍ ലിങ്ക് ആയി നല്‍കിയിരിക്കുന്ന പ്രൊഫൈലിലോ തെറ്റുണ്ടെങ്കില്‍ അത് ബ്ലോഗേഴ്സ് പാനലിനോട് പരാതിപ്പെടാവുന്നതാണ്.

• പോസ്റ്റ് ചെയ്തിരിക്കുന്നയാളുടെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ മാറുകയോ, അയാള്‍ പുതിയ പ്രൊഫൈല്‍ സ്വീകരിക്കുകയോ ചെയ്താലും, വ്യക്തമായ തെളിവുകളില്ലാതെ; ഓരോ പോസ്റ്റിലുമുള്ള പ്രൊഫൈല്‍ ലിങ്ക്, പേര് എന്നിവ മാറ്റുന്നതല്ല.

ഓര്‍ക്കുട്ട് - മലയാളത്തില്‍ ചേരുന്ന ഓരോ വ്യക്തിയും മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായിച്ച്, ബോധ്യപ്പെട്ട്, അവയോടെല്ലാം പൂര്‍ണ്ണമനസോടെ യോജിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നു.
--

Thursday, February 8, 2007

കുസൃതിച്ചോദ്യം - 1

ചോദ്യം 1 : ( സിനില് )
ഒറ്റയ്ക്കു സംഘഗാനം പാടിയിരുന്ന ഒരാൾ, ആരാണത്?
ഉത്തരം 1 : ( അജീഷ് )
[ രാവണൻ ]



ചോദ്യം 2 : ( സിനില് )
ഏറ്റവും സുരക്ഷിതമായ ചായ (tea)?
ഉത്തരം 2 : ( വിഷ്ണു )
[ SAFETY ]



ചോദ്യം 3 : ( സിനില് )
വലിക്കും‌തോറും കുറയുന്നതെന്ത്?
ഉത്തരം 3 : ( ഡാന്റിസ് )
[ സിഗരറ്റ്‌ ]



ചോദ്യം 4 : ( ഹരീ )
പ്രായപൂര്‍ത്തിയായ ആണുങ്ങളും പെണ്ണുങ്ങളും രഹസ്യമായി ചെയ്യുന്ന പണിയെന്ത്?
ഉത്തരം 4 : ( ബൈജു )
[ വോട്ട് ]



ചോദ്യം 5 : ( ബൈജു )
പിറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നാം തിരിഞ്ഞുനോക്കുതിന് കാരണമെന്ത് ?
ഉത്തരം 5 : ( സ്മിത )
[ പുറകില്‍ കണ്ണില്ലാത്തതു കൊണ്ട് ]



ചോദ്യം 6 : ( ബൈജു )
മലയാളത്തിൽ തവളയെപ്പറ്റിയുള്ള ഒരു സിനിമാ ഗാനമുണ്ട്, ഏതാണത്
ഉത്തരം 6 : ( രാകേഷ് )
[ "കാട്ടിലെ പാഴ്മുളം തണ്ടില്‍‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍
തവളെ......
"
]



ചോദ്യം 7 : ( ബൈജു )
ഇന്ത്യൻ ക്രിക്കറ്റർ ഗാംഗുലിയെ കുറിച്ചുമുണ്ട് ഒരു മലയാളസിനിമാഗാനം .. ഏതാണെന്നറിയാമോ ?
ഉത്തരം 7 : ( സിനില് )
[ "താവ ഗാംഗുലി ലാളനങ്ങളിൽ അർദ്രമായ് മാനസം!!!

എന്തിനു വേരൊരു സൂര്യൊദയം -- മഴയെത്തും‌മുൻപേ "
]



ചോദ്യം 8 : ( ബൈജു )
"ഹനുമാൻ മുദ്രാമോതിരവുമായി സീതയുടെ അടുത്തേക്ക് പോകും വഴി ഇടയ്ക്ക് മുഖമൊന്നു കഴുകാനിറങ്ങിയപ്പോൾ മുദ്രാമോതിരം വെള്ളത്തിൽ വീണു.. മുങ്ങിത്തപ്പി എടുത്തപ്പോൾ ഒരേ പോലുള്ള രണ്ടുമോതിരം കിട്ടി. ആകെ ആശയക്കുഴപ്പത്തിലായ ഹനുമാൻ അപ്പോൾ ഒരു പാട്ടുപാടി. ഏതാണത് ?

"

ഉത്തരം 8 : ( ബിന്ധ്യാ )
[ കണ്ഫ്യൂഷന് തീറ്ക്കണമേ ]



ചോദ്യം 9 : ( ബൈജു )
മീനെ പിടിച്ച് കരക്കിട്ടാൽ എന്തുപറ്റും?
ഉത്തരം 9 : ( ബിന്ധ്യാ )
[ മണ്ണ് പറ്റും ]



ചോദ്യം 10 : ( ബിന്ധ്യാ )
ഇന്ത്യയില് നിന്നും ആദ്യമായി ഇന്ത്യക്കു പുറത്തുപോയ വനിതയാര്? ആരുടെ കൂടെ?ഏത് രാജ്യത്ത്?
ഉത്തരം 10 : ( ഹരീ )
[ "സീത, ലങ്കയിലേക്കാണ് പോയത്...
രാവണന്റെ കൂടെ.."
]



ചോദ്യം 11 : ( ബിന്ധ്യാ )
ഒരാനയെ എങ്ങനെ ഫ്രിഡ്ജില് വയ്ക്കാം?
ഉത്തരം 11 : ( അജീഷ് )
[ "ആനയെ എടുക്കുക...
ഫിഡ്ജ് തുറക്കുക...
ആനയെ അകത്തു വയ്‌ക്കുക...... "
]



ചോദ്യം 12 : ( ബിന്ധ്യാ )
പാമ്പുകള്‍ക്ക് ഇഷ്ടമുള്ള മുണ്ട് ഏതാണ്‍?
ഉത്തരം 12 : ( ബൈജു )
[ പാമ്പുകൾക്ക് മാളമുണ്ട് ]



ചോദ്യം 13 : ( ബൈജു )
"എറണാകുളത്തുനിന്നും ഒരു ഡോക്‌ടറും നഴ്‌സും കൂടി ഒരു ടെയിനിൽ കയറി തിരുവനന്തപുരത്തേക്ക് യാത്രയായി. അവർ കയറിയത് ഒരു ഒഴിഞ്ഞ കമ്പാർട്ടുമെന്റിൽ ആയിരുന്നു. തിരുവനന്തപുരത്തെത്തുന്നതുവരെ ആ കമ്പാർട്ടുമെന്റിൽ വേറെ ആരും കയറിയതുമില്ല. പക്ഷെ, തിരുവനന്തപുരത്തെത്തിയപ്പോൾ അവരുടെ കൂടെ ഒരു ചോരക്കുഞ്ഞും ഉണ്ടായിരുന്നു..! ഡോക്‌ടർ കുഞ്ഞിന്റെ അച്ഛനുമല്ല, നേഴ്‌സ് കുഞ്ഞിന്റെ അമ്മയുമല്ല..!! അപ്പോൾ കുഞ്ഞ് ആരുടെ..?
"

ഉത്തരം 13 : ( ബിന്ധ്യാ )
[ ഡോക്ടറ് ഒരു വനിതയാണ്. നേഴ്സ് ഒരു പുരുഷനും ]



ചോദ്യം 14 : ( ഹരീ )
"ഒരു ദിവസം പെട്ടെന്ന് വീട്ടിലോട്ടു കയറുകയായിരുന്നു നിങ്ങള്‍. അപ്പോള്‍ നിങ്ങളുടെ പെങ്ങള്‍ (പെങ്ങളില്ലാത്തവര് ഉണ്ടെന്നു വിചാരിക്കുക, പെണ്‍കുട്ടികള്‍ ആങ്ങളയെന്നു വായിക്കുക) ഒരു തുണിപോലുമുടുക്കാതെ നില്‍ക്കുന്നു. നിങ്ങളെന്തു ചെയ്യും?
"

ഉത്തരം 14 : ( ബിന്ധ്യാ )
[ വാരിയെടുത്ത് ഉമ്മ വയ്ക്കും, കാരണം അവള് കൊച്ചുകുട്ടിയാണ്. ]



ചോദ്യം 15 : ( ബിന്ധ്യാ )
ഒരു കാട്ടില്‍ സിംഹം മീറ്റിങ്ങ് കൂടി. എല്ലാരും വന്നു, പക്ഷെ ഒരാള്‍ മാത്രം വന്നില്ല്. ആര്‍?
ഉത്തരം 15 : ( എബി )
[ ആന... കാരണം ആന ഫ്രിഡ്ജിനജത്തല്ലേ? ]



ചോദ്യം 16 : ( എബി )
മനുഷ്യന്‍ ഒറ്റക്കാലില്‍ നില്‍ക്കുന്നതെപ്പൊഴാണ്‌?
ഉത്തരം 16 : ( ബൈജു )
[ പാന്റ്റിടുമ്പോള് ]



ചോദ്യം 17 : ( എബി )
വരുമ്പോള്‍ പൊങ്ങും പോകുമ്പൊള്‍ താഴും എന്താണ്‌?
ഉത്തരം 17 : ( എബി )
[ ചെക്കപ്പോസ്റ്റ് ]



ചോദ്യം 18 : ( എബി )
ഷാരൂക്‌ ഖാന്‍ ഒരു പക്കാ കോയിക്കോടുകാരനായി ഒരു പാട്ട്‌ പാടുന്നുണ്ട്‌, ഏതു പാട്ടാണത്‌?
ഉത്തരം 18 : ( ബൈജു )
[ ♪ കോയീ മിൽ ഗയാ ... ♪ ]



ചോദ്യം 19 : ( ബിന്ധ്യാ )
ഒരു വലിയ പുഴ, എനിക്ക് അക്കരെ പോകണം , പക്ഷെ, പുഴയില് നിറയെ മുതലകളാണ് , വള്ളവും ഇല്ല, ഞാന് എങ്ങനെ അക്കരയ്ക്ക് പോകും?
ഉത്തരം 19 : ( ബിന്ധ്യാ )
[ ഞാന് നീന്തി പോകും , കാരണം മുതലകളെല്ലാം സിംഹത്തിന്റെ മിറ്റിങ്ങിനു പോയിരിക്കുവല്ലേ? ]



ചോദ്യം 20 : ( ബിന്ധ്യാ )
ആനയും ഉറുമ്പും ഇഷ്ടമായിരുനു, അവരുടെ വീടുകാര് കല്യാണം ആലോച്ചിച്ചു, പക്ഷെ കല്യാണം നടന്നില്ല, കാരണം ഉറുമ്പിന്റെ അമ്മയ്ക്ക് ആനയെ ഇഷ്ടപ്പെട്ടില്ല, എന്താ കാരണം?
ഉത്തരം 20 : ( ബിന്ധ്യാ )
[ ആനയുടെ പല്ലു പൊങ്ങിയതായിരുന്നു ]



ചോദ്യം 21 : ( ഹരീ )
"ഒരു ‘മുട്ട’ കോണ്‍ക്രീറ്റ് തറയിലെറിയണം, പൊട്ടരുത് കേട്ടോ...
എങ്ങിനെ സാധിക്കും?"

ഉത്തരം 21 : ( എബി )
[ എറിഞ്ഞോളൂ, കോണ്‍ക്രീറ്റ്‌ പൊട്ടില്ല ]



ചോദ്യം 22 : ( ഹരീ )
ഒരിക്കലും ഒരാളും കണ്ടിട്ടില്ല, ഇന്നേവരെ ഉണ്ടായിട്ടില്ല, പക്ഷെ എന്നും അതുണ്ടാകും…
ഉത്തരം 22 : ( ഹരീ )
[ നാളെ ]



ചോദ്യം 23 : ( ബൈജു )
ആവശ്യമുള്ളവൻ വാങ്ങുന്നില്ല, വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല.. എന്താണത് ?
ഉത്തരം 23 : ( ബിന്ധ്യാ )
[ ശവപെട്ടി ]



ചോദ്യം 24 : ( ബിന്ധ്യാ )
ഒരു നാല്‍ക്കവല, ഒരു റോഡിലൂടെ ഒരു കാറ് വന്നു, വേറൊന്നിലൂടെ ഒരു ബസ് വന്നു, ഒന്നിലൂടെ ഒരു കാളവണ്ടിയും വേറൊന്നിലൂടെ ഒരു വാനും വന്നു, എന്തു നടക്കും അവിടെ?
ഉത്തരം 24 : ( ബൈജു )
[ കാള നടക്കും ]



ചോദ്യം 25 : ( എബി )
നാലുപേരുകൂടി ഒരു കോഴിയെ വാങ്ങി കറി വെച്ചു.... പക്ഷേ.. എല്ലാവര്‍ക്കും തിന്നാന്‍ കൊഴീടെ കാലു തന്നെ വേണം... എന്തു ചെയ്യും???
ഉത്തരം 25 : ( എബി )
[ കോഴിക്ക്‌ കള്ളുകൊടുത്ത്‌ പൂസാക്കുക, കോഴി നാലു കാലിലാകുമ്പോല്‍ കറി വയ്ക്കുക ]



ചോദ്യം 26 : ( ഹരീ )
എന്റെ കയ്യിലൊരു ചുവന്ന നിറമടിച്ച കല്ലുണ്ട്. അത് ഞാന്‍ വെള്ളത്തില്‍ മുക്കുന്നു, എന്തു സംഭവിക്കും?
ഉത്തരം 26 : ( സിനില് )
[ നനയും ]



ചോദ്യം 27 : ( എബി )
ജിറാഫിനെ ഫ്രിഡ്ജില്‍ വയ്ക്കാമോ?
ഉത്തരം 27 : ( അജീഷ് )
[ "ഫ്രിഡ്‌ജ് തുറക്കുക്...
ആനയെ വെളിയിലിറക്കുക.....ജിറാഫിനെ ഫിഡ്‌ജിലടക്കുക...... "
]



ചോദ്യം 28 : ( ബൈജു )
"ഒരു കവലയിൽ നെഹ്രുവിന്റേയും ഗാന്ധിയുടേയും ഇന്ദിരാഗാന്ധിയുടേയും പ്രതിമകൾ ഉണ്ട്. അവയിൽ നെഹ്രുവിന്റേയും ഇന്ദിരാഗാന്ധിയുടേയും പ്രതിമയിൽ കാക്കകൾ കാഷ്‌ഠിച്ചിട്ടുണ്ട്. എന്നാൽ ഗാന്ധിയുടെ പ്രതിമയിൽ മാത്രം കാക്കകൾ കാഷ്‌ഠിച്ചിട്ടില്ല..! എന്തായിരിക്കും കാരണം..?
"

ഉത്തരം 28 : ( രാകേഷ് )
[ ഗാന്ധിയുടെ കൈയില്‍ വടി ഉള്ളതു കൊണ്ട് ]



ചോദ്യം 29 : ( രാകേഷ് )
കാട്ടില്‍ കരടികള്‍ സാധാരണ എവിടെയാണ് ഇരിക്കാറുള്ളത്?
ഉത്തരം 29 : ( രാകേഷ് )
[ കരടിക്ക് സൌകര്യം ഉള്ളിടത്തു ഇരിക്കും... അതു നമ്മളാണൊ തീരുമാനിക്കുന്നത്? ]



ചോദ്യം 30 : ( ഹരീ )
"ഒരാപ്പിളിന്റെ ഒരു പകുതിമുറി (അതാ‍യത് പകുതിമുറിച്ചതില്‍ ഒരു ഭാഗം) യോടു സാമ്യമുള്ള മറ്റൊരു സാധനമെന്ത്?
"

ഉത്തരം 30 : ( ബൈജു )
[ ആ ആപ്പിളിന്റെ തന്നെ മറ്റേ മുറി ]



ചോദ്യം 31 : ( ബൈജു )
അപ്പുക്കുട്ടന്റെ അച്ഛന് അഞ്ചുമക്കൾ.. ഒന്നാമൻ യുധിഷ്‌ഠിരൻ, രണ്ടാമൻ ഭീമൻ, മൂന്നാമൻ അർജ്ജുനൻ, നാലാമൻ നകുലൻ... എങ്കിൽ അഞ്ചാമന്റെ പേരെന്ത് ?
ഉത്തരം 31 : ( ഹരീ )
[ അപ്പുക്കുട്ടന്‍ ]



ചോദ്യം 32 : ( ഡാന്റിസ് )
അപ്പൂട്ടന്‍ മാങ്ങ പറിച്ചു. സാവിത്രി മാങ്ങ തിന്നു. ഇപ്പോള്‍ എത്ര മാങ്ങ ഉണ്ട്‌?
ഉത്തരം 32 : ( രാകേഷ് )
[ പത്തില്‍ നിന്നും മൂന്നെണ്ണം പോയാല്‍ ഏഴെണ്ണം ബാക്കിയുണ്ട്... ]



ചോദ്യം 33 : ( എബി )
ഒരിക്കലും കൈയ്യില്‍ ഇടാന്‍ പറ്റാത്ത വള ഏത്‌?
ഉത്തരം 33 : ( ബൈജു )
[ തവള ]



ചോദ്യം 34 : ( ബിന്ധ്യാ )
ആനയും കൊതുകും കല്യാണം കഴിച്ചു, അവര് കൊച്ചിയില് മധുവിധുവിന് പോയി, നേരം വെളുത്തപ്പോഴ് കൊതുക് മരിചുപൊയി, എതാ കാര്യം ?
ഉത്തരം 34 : ( ബൈജു )
[ അവിടെ ആന കൊതുകുതിരി കത്തിച്ചുവെച്ചിരുന്നു ]



ചോദ്യം 35 : ( ബൈജു )
"രാമന് ഒരിക്കൽ കാട്ടിലൂടെ കുറച്ചുദൂരം യാത്രചെയ്യേണ്ടതായി വന്നു.. കുറച്ച് മുമ്പോട്ടുചെന്നപ്പോൾ മുന്നിൽ മുഴുവൻ കുറ്റിക്കാട്..! ഒരടിപോലും മുമ്പോട്ടുവെയ്ക്കാനാകാത്ത അവസ്ഥ.. ഒരായുധം പോലും രാമന്റെ കയ്യിലില്ല.. ആകെയുള്ളത് കയ്യിലുള്ള രണ്ടുകുപ്പി കള്ളുമാത്രം.. രാമൻ എന്തുചെയ്യും ?
"

ഉത്തരം 35 : ( ബൈജു )
[ രാമന്റെ കയ്യിൽ രണ്ടുകുപ്പി കള്ളുണ്ടെന്ന് പറഞ്ഞല്ലോ..? ആദ്യം ആ രണ്ടുകുപ്പി കള്ളും കുടിക്കുക.. എന്നിട്ട് വാളുവെക്കുക.. പിന്നെ ആ വാളുകൊണ്ട് കുറ്റിക്കാടൊക്കെ വെട്ടിത്തെളിച്ച് രാമന് സുഖമായി മുന്നോട്ടുപോകാം ]



ചോദ്യം 36 : ( ബൈജു )
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മുമ്പുണ്ടായിരുന്ന വനിതയുടെ പേര്‌ ?
ഉത്തരം 36 : ( എബി )
[ രവിശാസ്‌ത്രി ]



ചോദ്യം 37 : ( ബിന്ധ്യാ )
എ, ബി, സി, ഡി,......X,Y,Zല് ഏറ്റവും തണുപ്പുള്ളതേതിനാണ്?
ഉത്തരം 37 : ( എബി )
[ ബി (ഏ സി യുടെ നടുക്ക് കിടക്കുന്നതുകൊണ്ട്) ]



ചോദ്യം 38 : ( ബിന്ധ്യാ )
ഒരു കിളി ആകശത്തുകൂടി പറന്ന് പോവുകയായിരുന്നു, അപ്പോള്‍ അതു മുട്ട ഇട്ടു, പക്ഷെ താഴെ വീണില്ല, എന്താ കാര്യം ?
ഉത്തരം 38 : ( ബൈജു )
[ കിളി നിക്കറിട്ടിട്ടുണ്ടായിരുന്നു ]



ചോദ്യം 39 : ( ബിന്ധ്യാ )
മൊണാലിസയ്ക് മുഖത്ത് ഒരു കര്യം ഇല്ലായിരുന്നു. എന്താത്?
ഉത്തരം 39 : ( ബൈജു )
[ പുരികം ]



ചോദ്യം 40 : ( ബിന്ധ്യാ )
"4 ഉറുമ്പുകള്‍ കാട്ടിലൂടെ നടക്കുകയായിരുന്നു. വഴിയില്‍ അവര്‍ ഒരു ആനയെ കണ്ടു, ഒന്നാമന്‍ പറഞ്ഞു നമുക്കിവനെ തട്ടാം എന്ന്, മറ്റു 2 ഉറുമ്പുകളും അതു സമ്മതിച്ചു. എന്നാല്‍ നാലാമന്‍ എന്തോ പറഞ്ഞപ്പോള്‍ അവര്‍ ആനയെ ഒന്നും ചെയ്തില്ല. എന്താണ് നാലാമന്‍ പറഞ്ഞത്?
"

ഉത്തരം 40 : ( സിനില് )
[ "അവന്‍ ഒറ്റയ്ക്കാ.. വിട്ടുകള!!
"
]



ചോദ്യം 41 : ( സിനില് )
പത്തും മൂന്നും കൂട്ടിയാല്‍ പതിനെട്ടു കിട്ടുന്നതെപ്പോള്‍
ഉത്തരം 41 : ( ബൈജു )
[ ഉത്തരം തെറ്റുമ്പോള്‍ ]



ചോദ്യം 42 : ( ബൈജു )
മൂന്ന് ഉറുമ്പുകൾ വരിവരിയായി നടന്നുപോകുന്നു... ഒന്നാമത്തെ ഉറുമ്പുപറഞ്ഞു - “എന്റെ പിറകേ രണ്ട് ഉറുമ്പുകൾ വരുന്നുണ്ട്” .. രണ്ടാമത്തെ ഉറുമ്പുപറഞ്ഞു - “എന്റെ പിറകേ ഒരു ഉറുമ്പ് വരുന്നുണ്ട്”.. മൂന്നാമത്തെ ഉറുമ്പുപറഞ്ഞു - “എന്റെ പിറകേ മൂന്ന് ഉറുമ്പുകൾ വരുന്നുണ്ട്..!!” .. അതെങ്ങിനെ ?
ഉത്തരം 42 : ( ഹരീ )
[ മൂന്നാമത്തെയുറുമ്പ് കള്ളം പറഞ്ഞതാണ് ]



ചോദ്യം 43 : ( ബൈജു )
"ഒരു കറുത്ത വാവുദിവസം.. കറുത്ത കോട്ടിട്ട്, കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് കറുത്തൊരു മനുഷ്യൻ കറുത്തൊരു കാറിൽ റോഡിലൂടെ ചീറിപ്പാഞ്ഞുപോകുന്നു.. അപ്പോൾ കറുകറുത്തൊരു പൂച്ച റോഡിനുവട്ടം ചാടി (കുറുകെ ചാടി)... പൂച്ച കാറിനേയും കണ്ടു.. കാറോടിച്ച ആൾ പൂച്ചയേയും കണ്ടു..!! ഉടനെ വണ്ടി ബ്രേക്കിട്ട് നിർത്തുകയും ചെയ്‌തു.. ഇതെങ്ങിനെ സാധിച്ചു ?
"

ഉത്തരം 43 : ( സിനില് )
[ കറുത്തവാവു ദിവസം പകലായിരുന്നു സംഭവം നടന്നത് ]



ചോദ്യം 44 : ( ബിന്ധ്യാ )
ഗാന്ധിജിയുടെ മുടി പൊഴിയില്ലാ, എന്താ കാരണം ?
ഉത്തരം 44 : ( ബൈജു )
[ ഗാന്ധിജിയ്‌ക്ക് പൊഴിയാൻ വല്ലതുമുണ്ടായിട്ടുവേണ്ടേ ]



ചോദ്യം 45 : ( ബൈജു )
ഒരിക്കൽ ഉറ്റചങ്ങാതിമാരായ രണ്ട് ആനയും ഒരു ഉറുമ്പും കൂടി ഒരു ബൈക്കിൽ ടിപ്പിൾസ് അടിച്ച് യാത്രചെയ്യുകയായിരുന്നു. ആ ബൈക്ക് ഒരു അപകടത്തിൽ പെട്ടു. രണ്ട് ആനകൾക്കും ഗുരുതരമായ പരിക്കുകൾ ഉണ്ടാ‍യിരുന്നുവെങ്കിലും ഉറുമ്പിന് ഒന്നും പറ്റിയില്ല. എങ്കിലും ആശുപത്രിയിൽ ചെന്നപ്പോൾ രണ്ട് ആ‍നകളും കിടക്കുന്ന കട്ടിലുകൾക്കിടയിലുള്ള കട്ടിലിൽ ഉറുമ്പിനേയും കിടത്തിയിരിക്കുന്നു..!! അതെന്താ അങ്ങിനെ..?
ഉത്തരം 45 : ( രാകേഷ് )
[ രണ്ട് ആനകൾക്കും രക്തം കുറെ വാർന്നുപോയതുകൊണ്ട് അത് കൊടുക്കാനാണ് ഉറുമ്പിനെ അവരുടെ ഇടയിൽ കിടത്തിയിരിക്കുന്നത് ]



ചോദ്യം 46 : ( സിനില് )
"കേരളത്തിലെ ഹൈവേയില്‍ കുടുങ്ങിയ ഒരാള്‍ കാണുന്ന വണ്ടികള്‍കൊക്കെ കൈ കാണിച്ചു കൊണ്ടിരുന്നു!!. കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരു ലോറിക്കാന്‍ വണ്ടി നിര്‍ത്തി. അപ്പോള്‍ അതിലെ നൈറ്റ് പട്രോളിങ്ങിനുവരുന്ന പോലീസുകാരന്നും നമ്മുടെ യാത്രക്കാരനും ഒരു ചോദ്യം ചോദിച്ചു!!
രണ്ടു പേരോടുമായി ഡ്രൈവര്‍ ഒരു ഉത്തരം അണു പറഞ്ഞത് അതു രണ്ടു പേര്‍ക്കുള്ള മറുപടിയുമായിരുന്നു... എന്തായിരുന്നു അത്?? "

ഉത്തരം 46 : ( ബൈജു )
[ "യാത്രക്കാരൻ വണ്ടിയിൽ കയറിക്കോട്ടെ എന്നു ചോദിച്ചു...
പോലീസുകാരൻ വണ്ടിയിലെന്താണെന്നും ചോദിച്ചു..
രണ്ടിനും ഉത്തരം പറഞ്ഞത് --കയറ്…"
]



ചോദ്യം 47 : ( സിനില് )
ആനയും ഉറുമ്പുകൂടി തലേദിവസമേ തീരുമാനിച്ചു നാളെ അമ്പലത്തില്‍ പോകണമെന്ന്‍. പിറ്റേ ദിവസം അമ്പലത്തിന്റെ ഗോപുരവാതിലിനടുത്തെത്തിയപ്പോള്‍ തന്നെ ആനയ്ക്കുമനസിലായി ഉറുമ്പ് നേരത്തെ വന്നിട്ടുണ്ട് എന്നു!.. എങ്ങനെ മനസിലായി?
ഉത്തരം 47 : ( ബൈജു )
[ ഉറുമ്പിന്റെ ചെരിപ്പ് പുറത്തുകിടപ്പുണ്ടായിരുന്നു ]



ചോദ്യം 48 : ( അജീഷ് )
"വഴിയിലൂടെ നടന്നുവരികയായിരുന്ന ഒരു പെൺകുട്ടിയോട് ഒരാൾ ചോദിച്ചു കുട്ടിയുടെ പേരെന്താ എന്ന്...
അയൽപക്കത്തുള്ള ഒരു ചേച്ചി ചോദിച്ചു കുട്ടിയുടെ വീട്ടിൽ ഇന്നെന്താ കറിയെന്ന്...
രണ്ടിനും കുട്ടി ഒരുത്തരം തന്നെയാണ്‍ പറഞ്ഞത്..എന്താണത്?"

ഉത്തരം 48 : ( ഹരീ )
[ മീനാ ]



ചോദ്യം 49 : ( അജീഷ് )
"ഒരു പോലീസുകാരൻ ചെക്കിങ്ങിനിടയിൽ ഒരു വണ്ടിക്കാരനോട് ചോദിച്ചു
വണ്ടിയിലെന്താ??
എങ്ങോട്ടാ പോകുന്നത്???
രണ്ടിനും ഒരുത്തരം തന്നെയായിരുന്നു...
എന്താണത്?"

ഉത്തരം 49 : ( സിനില് )
[ പാലാ ]



ചോദ്യം 50 : ( എബി )
ഒരു ദിവസം ആനയുടെയും ഉറുമ്പിന്റെയും ബൈക്ക് അപകടത്തില്‍പ്പെട്ടു.... ഉറുമ്പിനു സാരമായി പരിക്കു പറ്റി.... ആശുപത്രിയില്‍ കൊണ്ടുപോയി...ഐ.സി.യു-വില്‍ കിടത്തിയിരിക്കുകയാണ്‌... രക്തം വേണം... ആനയുടെ രക്തം മാത്രമേ ചേരുകയുള്ളൂ.... പക്ഷേ... ആന ഉറുമ്പ്‌ കിടക്കുന്നിടത്ത്‌ കേറാന്‍ തയ്യാറയില്ല..... എന്താണ്‌ കാരണം??
ഉത്തരം 50 : ( സിനില് )
[ "ഐ.സി.യു-വിന്റെ വാതില്‍ക്കല്‍ എഴുതിയിട്ടുണ്ടായിരുന്നു..
'അന്തര്‍ ആന മനാ ഹെ' എന്ന്.

"
]



ചോദ്യം 51 : ( എബി )
ഒരു മരത്തില്‍ മൂന്ന് കിളികള്‍ ഉണ്ടായിരുന്നു...അതില്‍ ഒന്നിനെ വെടിവച്ചു... അപ്പോള്‍ ബാക്കി കിളികള്‍ക്കെന്തു സംഭവിച്ചു...
ഉത്തരം 51 : ( ബിന്ധ്യാ )
[ ഒന്നും സംഭവിച്ചില്ലാ, അവരു പറന്നുപോയി ]


Monday, February 5, 2007

മലയാളത്തിന്റെ നാള്‍വഴികള്‍ - ഭാഗം 1

ഫെബ്രുവരി 5, 2007
അഞ്ചാം മാസത്തില്‍ കടന്നതിനോടൊപ്പം തന്നെ മറ്റൊരു നാഴികക്കല്ലുകൂടി ഇന്ന് മലയാളം പിന്നിടുന്നു. മലയാളത്തിലെ അംഗസംഖ്യ ഇന്ന് 2000 കവിഞ്ഞു. ഒരു മാസം ഏതാണ്ട് അഞ്ഞൂറോളം അംഗങ്ങള്‍ മലയാളത്തിന്‍റെ ഭാഗമാവുന്നു എന്നത് സന്തോഷകരമായ കാര്യമാണ്.
രണ്ടായിരാമത്തെ അംഗം: മറിയ ഷാരോണ്‍
--

ഫെബ്രുവരി 4, 2007:
വീണ്ടുമൊരു നാലാം തീയതി. സൌഹൃദക്കൂട്ടം തുടങ്ങിയിട്ട് ഇന്ന് അഞ്ചാം മാസം. ഇതുവരെ ഇവിടെ 1978 അംഗങ്ങള്‍ ഈ തനിമലയാളക്കൂട്ടത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു (ഒരു മാസം കൊണ്ട് 634 അംഗങ്ങള്‍!). കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആക്ടീവായ അംഗങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഈ മാസമുണ്ടായി. ഇതൊരു ശുഭസൂചനയായി വേണം കണക്കാക്കുവാന്‍.

ഈയൊരു മാസക്കാലയളവില്‍ മലയളത്തില്‍ വന്ന ശ്രദ്ധേയമായ ചില മാറ്റങ്ങള്‍.
• പൂര്‍ണ്ണമായും മോഡറേറ്റ് ചെയ്യപ്പെടുന്ന ഒരു ടോപ്പിക്, ‘സം‌വാദം’ ആരംഭിച്ചു.(ജനുവരി 14ന്‌)
• മലയാളം ബ്ലോഗ്, ഓര്‍ക്കുട്ട് മലയാളത്തിനൊരു ബാക്-അപ് എന്ന രീതിയില്‍ തുടങ്ങിവെച്ചു. (ജനുവരി 28ന്‌)
• മലയാളം ഗാനങ്ങളുടെ വരികള്ക്കായി മാത്രം ‘സാരംഗി’ എന്ന പേരില്‍ പുതിയ ഒരു കമ്മ്യൂണിറ്റി, ബൈജുവിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു. (ജനുവരി 25ന്‌)
• ടോപ്പിക്കുകള്‍ തുടങ്ങുന്നതില്‍ നിയന്ത്രണം ആവശ്യമാണെന്നു തോന്നിയതിനാല്‍, ടോപ്പിക്ക് തുടങ്ങുവാനായി കുറച്ച് നിയമങ്ങള്‍ ഏര്‍പ്പെടുത്തി. (ഫെബ്രുവരി 2ന്‌)

--

ജനുവരി 13, 2007:
ഇന്നു മലയാളം മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുന്നു: ആയിരത്തിയഞ്ഞൂറ് അംഗങ്ങള്‍. ക്രിയാത്മകമായി എല്ലാ ചര്‍ച്ചകളിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ആനുപാതികമായി വര്‍ദ്ധനവുണ്ട്. മലയാളത്തിന്റെ ജീവനാഡിയായി ഇപ്പോള്‍ മുന്‍‌നിരയിലുള്ളവരെ ഞാനൊന്നോര്‍ക്കുവാന്‍ ശ്രമിക്കുകയാണ്. ആരുടെയെങ്കിലും പേര് വിട്ടുപോയെങ്കില്‍ ക്ഷമിക്കണമെന്നപേക്ഷ.

അജീഷ്, ബൈജു, അന്‍‌വര്‍, ഡാന്റിസ്, പ്രതിഭ, രാജീവ് രാജ്, എബി, സിനില്‍, ജൊവിന്‍സ്, നന്ദന്‍, ബിന്ധ്യ, സ്മിത, അശ്വതി, അരുണ്‍, ഷിബു, റഗിന്, ബാലു, രാകേഷ്, ശ്രീറാം, അരുണ്‍ ദാസ്, അജയ് ഘോഷ്, സുഹാസ്, അപര്‍ണ്ണ, ശിവദാസ്, ഷിജോ, ജോര്‍ജ്ജ്, നീതു, സിന്ധു വിനു, ശാലിനി, കൊച്ചശ്വതി ...

ലിസ്റ്റ് അപൂര്‍ണ്ണമാണ്, കൂടുതല്‍ പേര് ഇവിടെ എല്ലാ ടോപ്പിക്കുകളിലും സജീവമായി പങ്കെടുക്കുവാന്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയോടെ...

--

ജനുവരി 4, 2007:
അങ്ങിനെ മലയാളത്തിന് ഒരു മാസം കൂടി പ്രായമേറി. ക്രിസ്തുമസ് അവധിയുടേയും പുതുവത്സരത്തിന്‍റേയും ആലസ്യത്തില്‍ നിന്നും 'മലയാളം' ഇനിയും മോചിതമായിട്ടില്ല. തനിമലയാളക്കൂട്ടത്തിലെ കൂട്ടുകാര്‍ ഓരോരുത്തരായി തിരിച്ചെത്തുന്നതേയുള്ളൂ. കുറെയധികം പേര്‍ ഓഫീസ് ജോലികളുമായി തിരക്കിലാണ്. ഒരു മാസം കടന്നു പോയത് ആരും ഓര്‍ത്തുംകൂടിയില്ല എന്നു തോന്നുന്നു. 2006 ഒക്ടോബര് നാലാം തീയതി തുടങ്ങിയ മലയാളം ഇന്ന് വിജയകരമായി മൂന്നു മാസം പിന്നിട്ടിരിക്കുന്നു.

ഇന്ന് ‘മലയാളം’
• അംഗങ്ങള്‍ : ആയിരത്തി മുന്നൂ‍റ്റി എഴുപത്തിയൊന്‍പത് (1,379)
• ഉടമസ്ഥന്‍ : അജീഷ്
• മോഡറേറ്റര്‍മാര്‍ : ബൈജു, എബി, ഹരീ, സിനിൽ, ഡാന്റിസ്, അന്‍‌വര്‍, സ്മിത, രാകേഷ്, പ്രതിഭ, നന്ദന്‍

--

ജനുവരി 1, 2007:
മലയാളം പുതുവര്‍ഷത്തിലേക്ക്.
2006 ഒക്ടോബര്‍ നാലാം തീയതി തുടങ്ങിയ മലയാളം മൂന്നുമാസങ്ങള്‍ പിന്നിട്ട് ഇന്ന് 2007-ലെത്തി നില്‍ക്കുന്നു. കൂടുതല്‍ അംഗങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ തയ്യാറായി മുന്നോട്ടെത്തിയിരിക്കുന്നു എന്നത് പ്രോത്സാഹനജനകമായ കാര്യമാണ്. എല്ലാവരും തെറ്റുകള്‍ ഒഴിവാക്കി ടൈപ്പ് ചെയ്യുവാനും, തിരുത്തലുകളോട് ക്രിയാത്മകമായി പ്രതികരിക്കുവാനും ശ്രദ്ധിക്കുന്നു എന്നതും അഭിനന്ദനാര്‍ഹമാണ്. രണ്ടായിരത്തിയേഴില്‍ ‘മലയാളം’ സൌഹൃദത്തിന്റെ പുതിയ മാനങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം. ഒരു ഒത്തുചേരല്‍ സാധ്യമാക്കുവാന്‍ നമുക്ക് ഈ വര്‍ഷം ആത്മാര്‍ത്ഥമായി ശ്രമിക്കാം...
ഏവര്‍ക്കും പുതുവത്സര ആശംസകള്‍...

ഇന്ന് ‘മലയാളം’
• അംഗങ്ങള്‍ : ആയിരത്തി മുന്നൂ‍റ്റി നാല്പത്തിനാല്‍ (1,344)
• ഉടമസ്ഥന്‍ : അജീഷ്
• മോഡറേറ്റര്‍മാര്‍ : ബൈജു, എബി, ഹരീ, സിനിൽ, ഡാന്റിസ്, അന്‍‌വര്‍, സ്മിത, രാകേഷ്, പ്രതിഭ, നന്ദന്‍

--

ഡിസംബര്‍ 5, 2006:
ഇന്ന് മറ്റൊരു നാഴികക്കല്ലുകൂടി മലയാളം പിന്നിടുന്നു. ആയിരം അംഗങ്ങള്‍!
മറ്റൊരു കമ്മ്യൂണിറ്റിയില്‍ അംഗങ്ങള്‍ കൂടുന്നതുപോലെയല്ല ‘മലയാള’ത്തില്‍. മലയാളത്തില്‍ മാത്രം പോസ്റ്റ് ചെയ്യുവാനും വായിക്കുവാനും കഴിയുന്ന ഒരു ‘തനിമലയാളക്കൂട്ട’മാണ് ‘മലയാളം’. അതുകൊണ്ടുതന്നെ ഇത്രയും പേര്‍ ഈയൊരൊറ്റ ലക്ഷ്യത്തിനായി ഇവിടെ ഒത്തു ചേരുന്നു എന്നത്, അഭിമാനകരമായ നേട്ടമാണ്. ഇനിയും മുന്നോട്ട്!
--

ഡിസംബര്‍ 4, 2006:
മലയാളം മറ്റൊരു മാസം കൂടിപിന്നിടുന്നു. ശൈശവം പിന്നിട്ടു കൌമാരത്തിലെത്തിയെന്ന്‌ അജീഷ് പറഞ്ഞെങ്കിലും പിച്ചവെച്ചു തുടങ്ങി എന്നതാണ് കൂടുതല്‍ ശരിയെന്നു തോന്നുന്നു. കൂടുതല്‍ അംഗങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുവാനായി മുന്നോട്ടു വരുന്നുണ്ടെന്നത് ആഹ്ലാദകരമാണ്. ചിന്തകളും, നുറുങ്ങുകളും, കൊച്ചുവര്‍ത്തമാനങ്ങളുമൊക്കെയായി ‘മലയാളം’ മുന്നോട്ടു കുതിക്കുന്നു.
--

നവംബര്‍ 4, 2006:
മലയാളം ജന്മമെടുത്തിട്ട് ഒരു മാസം പിന്നിട്ടു. എല്ലാ അംഗങ്ങളും മലയാളത്തില്‍ മാത്രം പോസ്റ്റ് ചെയ്യുന്നതില്‍ വളരെ സഹകരിച്ചു. കൂടുതല്‍ കൂടുതല്‍ അംഗങ്ങള്‍ മലയാളത്തില്‍ പോസ്റ്റ് ചെയ്തു തുടങ്ങുമെന്ന് പ്രത്യാശിക്കുന്നു.

ഒരു മാസം പിന്നിട്ടപ്പോള്‍ അജീഷ് ഇങ്ങിനെയെഴുതി:
“പ്രിയ കൂട്ടുകാരേ,
നമ്മുടെ ‘മലയാളം’ ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം തികയുകയാണ്…ലോകം മുഴുവനുമുള്ള മലയാളികള്‍ക്ക്‌ പരസ്‌പരം പരിചയപ്പെടുന്നതിനും അവരുടെ കേരളത്തെക്കുറിച്ചുള്ളതും, മലയാളത്തെക്കുറിച്ചുള്ളതുമായ ഓര്‍മ്മകളും സങ്കല്‍പ്പങ്ങളും പങ്കുവയ്ക്കാനുമുള്ള ഒരു വേദികൂടിയാണു മലയാളം...നമ്മുടെ കൂട്ടം ഒരു മാസം പിന്നിടുമ്പോള്‍ തന്നെ 600-ഓളം പേര്‍ അംഗങ്ങളായി കഴിഞ്ഞിരിക്കുന്നു...പ്രത്യേകിച്ചും കേരളത്തിനു പുറത്തുള്ള മലയാളികളുടെ ഒരു സംഗമസ്ഥാനമായി നമ്മുടെ 'മലയാളം' മാറിക്കൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷം...വളരെ പെട്ടന്ന് തന്നെ നിരവധി പ്രയോജനകരങ്ങളായ ചര്‍ച്ചകളും രസകരവും, വിജ്ഞാനപ്രദവും, ചിന്തിപ്പിക്കുന്നതുമായ വിനോദങ്ങളും മറ്റും നമ്മുടെ അംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുകയും സജീവമായി പങ്കുചേരുകയും ചെയ്യുന്നു.... ഒരു മാസം കൊണ്ട് 1500-ഓളം പോസ്‌റ്റിങ്ങുകള്‍ ആയിരിക്കുന്നു എന്നത് അംഗങ്ങള്‍ സജീവമായി പങ്കെടുക്കുന്നു എന്നുള്ളതിന്റെ തെളിവാണ്. തുടര്‍ന്നും നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു...

സ്‌നേഹപൂർവ്വം,
‘മലയാളം’
--

ഒക്ടോബര്‍ 4, 2006:
ഓര്‍കുട്ടില്‍ ‘മലയാളം’ എന്ന പേരില്‍ ഒരു ‘തനിമലയാളക്കൂട്ടം’ അജീഷ് മുന്‍‌കൈയ്യെടുത്ത് ആരംഭിച്ചു. കേരളപ്പിറവിയുടെ സുവര്‍ണ്ണജുബിലി ആഘോഷവേളയിലാണ് ‘മലയാളം’ പിറവിയെടുത്തതെന്നത് യാദൃശ്ചികമെങ്കിലും വളരെ അനുയോജ്യമായി.
--

Friday, February 2, 2007

മലയാളത്തില്‍ പുതിയ ടോപ്പിക്കുകള്‍

മലയാളം പല കാര്യങ്ങളിലെന്ന പോലെ ടോപ്പിക്കുകള്‍ തുടങ്ങുന്ന കാര്യത്തിലും മറ്റ് പല ഓര്‍ക്കുട്ട് കമ്മ്യൂ‍ണിറ്റികളില്‍ നിന്നും വ്യത്യസ്തമാണ്. മലയാളത്തില്‍ ടൈപ്പ് ചെയ്യണം എന്നതുപോലെ തന്നെ പ്രാധാന്യം നല്‍കിവരുന്ന ഒരു കാര്യമാണ്, ടോപ്പിക്കുകളുടെ എണ്ണം ക്രമാതീതമായി കൂടാതിരിക്കുവാന്‍ ശ്രദ്ധിക്കുക എന്നത്. ഓരോ വിഷയത്തിനും ഓരോ ടോപ്പിക്ക് എന്നതാണ് മലയാളത്തിലെ രീതി. എന്നാല്‍ ഈയിടെയായി കൂടുതല്‍ പുതിയ ടോപ്പിക്കുകള്‍ മലയാളത്തില്‍ വന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ ടോപ്പിക്ക് തുടങ്ങുന്നതിനായി പിന്തുടരേണ്ട കുറച്ചു കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കാമെന്നു കരുതുന്നു.

മലയാളത്തില്‍ തീര്‍ച്ചയായും മോഡറേറ്റര്‍മാര്‍ക്കുമാത്രമല്ല ടോപ്പിക്കുകള്‍ തുടങ്ങാവുന്നത്. മോഡറേറ്റര്‍മാരും സ്ഥിരമല്ല. എല്ലാ സാധാരണ അംഗങ്ങള്‍ക്കും ടോപ്പിക്ക് തുടങ്ങുവാനുള്ള അവകാശമുണ്ട്. എന്നിരിക്കിലും താഴെപ്പറയുന്ന കാര്യങ്ങള്‍ ഓരോ ടോപ്പിക്ക് തുടങ്ങുവാ‍നാലോചിക്കുമ്പോഴും കണക്കിലെടുക്കേണ്ടതുണ്ട്.

• ഈ ടോപ്പിക്കില്‍ പറയുവാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ മലയാളത്തില്‍ നിലവിലുള്ള മറ്റേതെങ്കിലും ടോപ്പിക്കില്‍ പറയുവാന്‍ കഴിയുന്നതാണോ? അങ്ങിനെയാണെങ്കില്‍ പുതിയ ടോപ്പിക്ക് തുടങ്ങേണ്ട ആവശ്യകതയില്ല.
ഉദാ: “സിക്ക് ഫലിതങ്ങള്‍” എന്നൊരു ടോപ്പിക്കിന്റെ ആവശ്യകതയില്ല. അത് “മലയാള ഫലിതങ്ങള്‍“ എന്നതില്‍ തന്നെ വരാവുന്നതേയുള്ളൂ. “മലയാള ഫലിതങ്ങള്‍” എന്നതുകൊണ്ട്, മലയാളത്തിലെഴുതിയ ഫലിതങ്ങള്‍ എന്നേ ഉദ്ദേശിച്ചുള്ളൂ.

• ഇതില്‍ പറയുവാനുദ്ദേശിക്കുന്ന കാര്യങ്ങള്‍, മറ്റൊരു വിധത്തില്‍ മറ്റൊരു ടോപ്പിക്കില്‍ പറയുവാന്‍ സാധിക്കുമോ?
ഉദാ: ഒരു സ്വന്തം അനുഭവം, അത് അബദ്ധമല്ലെങ്കില്‍ മലയാളത്തില്‍ പോസ്റ്റ് ചെയ്യണമെങ്കില്‍, അതൊരു കഥയാക്കി പോസ്റ്റാവുന്നതാ‍ണ്. അനുഭവത്തിനായി ടോപ്പിക്കില്ല എന്നതിനാല്‍ അങ്ങിനെയൊരണ്ണം തുടങ്ങേണ്ടതില്ല.

• ഈ വിഷയത്തില്‍ എത്രപേര്‍ക്ക് പങ്കെടുക്കുവാന്‍ സാധിക്കും?
ഉദാ: “ഹരീയുടെ സൃഷ്ടികള്‍” എന്ന പേരില്‍ ഞാനൊരു ടോപ്പിക്ക് തുടങ്ങിയാല്‍ മറ്റുള്ളവര്‍ക്ക് സഹകരിക്കുവാന്‍ സാധിക്കുകയില്ലല്ലോ? അതുപോലെ തന്നെ, ചില ദേശങ്ങളില്‍ ഒതുങ്ങുന്ന വിഷയങ്ങളും ഒഴിവാക്കുക, അതായത് “കളര്‍കോട്ടെ വിശേഷങ്ങള്‍” എന്ന പേരിലും മറ്റും (കളര്‍കോട് എന്റെ സ്ഥലമാണ്).

• എത്ര പോസ്റ്റുകള്‍ക്ക് സാധ്യതയുണ്ട്?
ഉദാ: “നെഹ്രു ട്രോഫി വള്ളംകളി” എന്നൊരു ടോപ്പിക്ക് തുടങ്ങിയാല്‍, അതില്‍ എത്ര പോസ്റ്റുകള്‍ ഇടുവാന്‍ സാധിക്കും? ഈ രീതിയിലുള്ള പോസ്റ്റുകള്‍ കൊച്ചുവര്‍ത്തമാനത്തില്‍ ഇടാവുന്നതാണ്.
--
കുറിപ്പ്: മുകളില്‍ പറഞ്ഞവയ്ക്ക് അപവാദമായി ചില ടോപ്പിക്കുകള്‍ മലയാളത്തില്‍ ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കും. എന്നാല്‍ അത് മലയാളം തുടങ്ങിയ കാലത്ത് ഇത്രയൊന്നും ചിന്തിക്കാതിരുന്നതിനാല്‍ പറ്റിയതാണ്. ഇനിമുതല്‍ ഈ കാര്യങ്ങള്‍ കൂടി പുതിയ ടോപ്പിക്കുകള്‍ തുടങ്ങുമ്പോള്‍ പരിഗണിക്കുന്നതാണ്.
--

ഈ നിര്‍ദ്ദേശങ്ങളോട് എല്ലാവരും സഹകരിക്കുമെന്ന് വിശ്വസിക്കുന്നു.

സസ്നേഹം
മലയാളം
--

ഓര്‍ക്കുട്ട് മലയാളം

കൂട്ടുകാരേ..

നാമെല്ലാം മലയാളം എഴുതുവാനും വായിക്കുവാനും പഠിക്കുന്നുണ്ടെങ്കിലും കാലക്രമേണ മലയാളം ഉപയോഗിക്കാതെയിരുന്ന്‌ എഴുതുവാനും വായിക്കുവാനും മറന്നുപോകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ മലയാളത്തിൽത്തന്നെ ആശയസംവേദനം സാദ്ധ്യമാകുന്ന ഒരു കമ്മ്യൂണിറ്റി - അതാണ് മലയാളം എന്ന പേരിലുള്ള ഈ കമ്മ്യൂണിറ്റിയുടെ ലക്ഷ്യം. എത്രനന്നായി ആംഗലേയഭാഷ കൈകാര്യം ചെയ്യുന്നവരാണെന്നാലും നാം ചിന്തിക്കുന്നത് നമ്മുടെ മാതൃഭാഷയാ‍യ മലയാളത്തിൽത്തന്നെയല്ലേ..? ആ ചിന്തകളെ അങ്ങനെ തന്നെ പകർത്തുവാൻ മറ്റൊരു ഭാഷയിലേക്കുള്ള തർജ്ജമ ആവശ്യമാണോ..? തീർച്ചയാ‍യും അല്ല. ഇത്തരമൊരു ചിന്തയാണ് ഈ കമ്മ്യൂണിറ്റിയുടെ ഉത്ഭവത്തിനു പിന്നിൽ. നമ്മുടെ അമ്മയായ മലയാളത്തെ, ഒട്ടനവധി ഭാഷകളുമായുള്ള ആദാനപ്രദാനബന്ധങ്ങളാലും തനതായ പദസമ്പത്തിനാലും സമ്പുഷ്‌ടമായ നമ്മുടെ മലയാളത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കുമായി ‘മലയാള’ത്തെ സമർപ്പിക്കട്ടെ. ചിരിയോടൊപ്പം ചിന്തയുടെയും നുറുങ്ങുകൾ പങ്കിടാനും പച്ചമലയാളത്തിൽത്തന്നെ സല്ലപിക്കുവാനും ഉള്ള മലയാളത്തെ സ്‌നേഹിക്കുന്ന, അമ്മയെ സ്‌നേഹിക്കുന്ന ഏവർക്കും ഈ കൂട്ടായ്‌മയിലേക്ക് സ്വാഗതം..! സന്ദർശകർക്കായുള്ള പേജിലൊഴികെ മറ്റെല്ലായിടത്തും മലയാളത്തിൽ മാത്രം എഴുതുവാൻ ശ്രദ്ധിക്കണമെന്നുമാത്രം.

--